ഹൂസ്റ്റൺ: ജീവനക്കാരുടെ ശുചിമുറിയിൽ ഒളികാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തിയ ഡോക്ടർ പിടിയിലായി. ഹൂസ്റ്റണിലെ പ്രമുഖ പോഡിയാട്രിസ്റ്റ് (പാദരോഗ വിദഗ്ധൻ) ഡോ. ഡഗ്ലസ് ഹാൻസണെയാണ് ഹാരിസ് കൗണ്ടി പോലീസ് അറസ്റ്റ് ചെയ്തത്.
മെമ്മോറിയൽ സിറ്റി മെഡിക്കൽ പ്ലാസയിലെ ഹാൻസണെ സ്വകാര്യ ക്ലിനിക്കിലെ ജീവനക്കാരുടെ ശുചിമുറിയിലാണ് ഒളികാമറ കണ്ടെത്തിയത്. സിങ്കിന് താഴെ ടോയ്ലറ്റിന് അഭിമുഖമായാണ് കാമറ സ്ഥാപിച്ചിരുന്നത്.
ഒരു ജീവനക്കാരി കാമറ കണ്ടെത്തുകയും അതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ ശേഷം പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. മൂന്ന് വനിതാ ജീവനക്കാരാണ് പരാതിയുമായി രംഗത്തെത്തിയത്.
കാമറയിലെ ദൃശ്യങ്ങൾ പോലീസ് വീണ്ടെടുത്തിട്ടുണ്ട്. എത്ര കാലമായി ഈ കാമറ അവിടെ ഉണ്ടായിരുന്നുവെന്നും ആരുടെയൊക്കെ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെന്നും പോലീസ് പരിശോധിച്ചുവരികയാണ്.